For epaper related feedback, queries and digital advertisement, please email us on : [email protected]

ജനവിശ്വാസമാര്‍ജിച്ച സായാഹ്നകൈരളി


സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വിവാദപൂര്‍ണ്ണവും ഇരുണ്ടതുമായ അടിയന്തരാവസ്ഥകാലത്ത്, സ്വന്തം നാട്ടിലെ ചില രാഷ്ട്രീയ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ക്രൂരപീഡനത്തിനിരയാക്കിയതിനെതിരായ ധാര്‍മ്മികരോഷവും നീതിബോധവും പത്രധര്‍മത്തിലൂടെ പ്രകടമാക്കിയ പത്രാധിപര്‍ ശ്രീ. ടി. പി സോമസുന്ദരന്‍ 1976ല്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ അടക്കപ്പെടുകയും തുടര്‍ന്ന് 'ഓടക്കുഴല്‍' എന്നപേരില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ പത്രം നിര്‍ത്തലാക്കേണ്ടി വരുകയും ചെയ്തു. 1975 ജനുവരിയില്‍ ആരംഭിച്ച ഓടക്കുഴല്‍ ടാബ്ളോയ്ഡ് രൂപത്തില്‍ 4 പേജുകള്‍ ഉള്ള ചെറിയ സായാഹ്ന ദിനപത്രമായിരുന്നു. ജയില്‍ വാസത്തിനു ശേഷം ഓടക്കുഴല്‍ പ്രസിദ്ധീകരണം നിലച്ചെങ്കിലും പത്രമേഖലയോടുള്ള തന്റെ അഭിനിവേശം ഒരു നിയോഗംപോലെ ശ്രീ. സോമസുന്ദരന്റെ ഉള്ളില്‍ അണയാത്ത ഒരു കനല്‍തരിയായി എന്നുമുണ്ടായി. നാടിന്റെ വികസനത്തെക്കുറിച്ച് വ്യക്തമായ വീക്ഷണങ്ങളും പത്രപ്രവര്‍ത്തനത്തില്‍ കൃത്യമായ നിലപാടുകളും ഉള്ള അദ്ദേഹത്തിന്റെ കാര്യക്ഷമതയുടെയും പ്രയത്‌നത്തിന്റെയും ഫലമായി പിന്നീട് 1987 മാര്‍ച്ച് മാസത്തില്‍ 'സായാഹ്ന കൈരളി' എന്ന സായാഹ്നപത്രം സ്വന്തം സിലിണ്ടര്‍ പ്രസില്‍ അച്ചടിച്ച് പ്രസിദ്ധീകരണം തുടങ്ങുകയായിരുന്നു. തമിഴ്‌നാട്ടിലെ പോലെ വലിയ സായാഹ്നപത്രങ്ങളൊന്നും കേരളത്തില്‍ ഇല്ലാതിരുന്നതിനാല്‍ 'സായാഹ്നപത്ര വായനാശൈലി'യും അക്കാലത്ത് ജനങ്ങളില്‍ ഉണ്ടായിരുന്നില്ല. നല്ലൊരു പത്രത്തിലൂടെ സായാഹ്നപത്രവായനയുടെ പുതിയൊരു സംസ്‌കാരം മലയാളത്തിലും സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ സായാഹ്നകൈരളി web offset അച്ചടിയിലേക്ക് വികസിപ്പിച്ചു. അതാതു ദിവസത്തെ വാര്‍ത്തകള്‍ ആകര്‍ഷകമായി അന്നുതന്നെ ചൂടാറാതെ അറിയാമെന്നുവന്നതോടെ കൈരളിക്ക് വായനക്കാരുടെ വിപുലമായ ഒരു അടിത്തറ പടുത്തുയര്‍ത്തുവാന്‍ കഴിഞ്ഞു.

രാഷ്ട്രീയ ചായ്‌വില്ലാതെ സമകാലിക വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന രീതികൊണ്ടും അവതരണ മികവ് കൊണ്ടും അനവധി യുവ എഴുത്തുകാര്‍ക്ക് അവസരങ്ങള്‍ ഒരുക്കിയും 'സായാഹ്ന കൈരളി' ജനങ്ങങ്ങള്‍ക്കിടയില്‍ വ്യാപകമായ സ്വീകാര്യതയും വിശ്വാസ്യതയും ചുരുങ്ങിയ കാലംകൊണ്ടുതന്നെ സ്വായത്തമാക്കി. ഇതേ തുടര്‍ന്നായിരുന്നു പിന്നീട് ചില പ്രമുഖ മലയാള പത്രങ്ങളും സായാഹ്നപത്രം പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്.

കൊച്ചി, കൊടുങ്ങല്ലൂര്‍ എഡിഷനുകളായി എറണാകുളം-തൃശൂര്‍ ജില്ലകളില്‍ ജനവിശ്വാസമാര്‍ജിച്ച ഏറ്റവും മികച്ച സായാഹ്നപത്രമെന്ന അംഗീകാരം നേടിയുള്ള 33 വര്‍ഷത്തെ പ്രസിദ്ധീകരണം, കോവിഡ് കാലഘട്ടത്തിലെ കടുത്ത സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഇടയ്ക്ക് മുടങ്ങുകയുണ്ടായി. പിന്നീട് ദിനപത്രം എന്നതില്‍ നിന്ന് വ്യത്യസ്തമായി, ഇന്നത്തെ തലമുറയ്‌ക്കൊപ്പം കടലാസിന്റെ ഉപയോഗം കുറക്കുന്നതിലൂടെ പ്രകൃതിസംരക്ഷണം എന്ന ലക്ഷ്യംകൂടി ഉള്‍ക്കൊണ്ടുകൊണ്ട് Daily online & A print per month എന്ന നൂതന രീതിയില്‍ പുതിയ രൂപഭാവങ്ങളോടെ 'ടൂറിസം വളര്‍ച്ചയിലൂടെ കേരളത്തിന്റെ സമഗ്ര വികസനം' എന്ന ആശയത്തിലൂന്നിക്കൊണ്ട് കൊച്ചിയെ കേരളത്തിന്റെ ടൂറിസം തലസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടുംകൂടെ 2024 ജൂലൈ മുതല്‍ വീണ്ടും വായനക്കാരിലെത്തി.

Mosque Lane,
SRM Road,
Kaloor,
Kochi - 682018